Friday, October 15, 2010

സഞ്ചാരം a spoof


തെരുവിന്‍റെ മധ്യഭാഗത്തേക്ക് ഞാന്‍ നടന്നു. ഞാന്‍ ബുക്ക്‌ ചെയ്തിരുന്ന ടൂര്‍ കമ്പനിയുടെ ഗൈഡ് അവിടെ നിന്നിരുന്നു. അയാള്‍ ഇംഗ്ലീഷ് ഭാഷയില്‍ എന്തോ പറഞ്ഞു. എനിക്ക് മനസ്സിലായില്ല. ഇവിടങ്ങളിലുള്ളവര്‍ കൂടുതലും ഇംഗ്ലീഷ് എന്ന ഭാഷയാണ് സംസാരിക്കുന്നത്. ഞങ്ങള്‍ ബസ്‌ സ്റ്റാന്‍റ്റ് ലക്ഷ്യമാക്കി നടന്നു. നമ്മുടെ നാട്ടില്‍ നിന്നും വ്യത്യസ്തമായി നാല് ചക്രങ്ങള്‍ ഉള്ള ബസുകളാണ് ഇവിടെ അധികവും. ഞാന്‍ ബസിലേക്കു കയറി. ബസിന്‍റെ ഏകദേശം മധ്യഭാഗത്തായിരുന്നു എന്‍റെ സീറ്റ്‌. ബസ്‌ മുന്നോട്ടു നീങ്ങി. ഉത്തരേന്ത്യയിലെ കുഗ്രമാങ്ങളെ ഓര്‍മ്മിപ്പിക്കും വിധം റോഡിനിരുവശവും അംബരചുംബികളായ കെട്ടിടങ്ങള്‍ കാണാമായിരുന്നു.

ബസ് ‘കൊഹോമ ബോഹോമ’ എന്ന ഗ്രാമത്തിലെത്തി. എല്ലാവരും ബസില്‍ നിന്നും ഇറങ്ങി. ഞാന്‍ മ്യുസിയം ലകഷ്യമാക്കി നടന്നു. അല്പം ഭക്ഷണം കഴിക്കുകയാണു ലക്‌ഷ്യം. ഈ രാജ്യത്തെ ഏറ്റവും വലിയ മ്യുസിയമാണ് ഇത്. ഇതിലെ കാഴ്ചകളാണ് നാം ഇനി കാണുവാന്‍ പോകുന്നത്. പക്ഷെ മ്യുസിയം അവധിയാണ്. ഞാന്‍ നിരാശനായി മടങ്ങി.
നഗരപ്രാന്തത്തിലുള്ള ഒരു പാര്‍ക്കിലേക്ക് ഞാന്‍ പോയി. ക്യാമറ ഒരിടത്തു വച്ചിട്ട് ഞാന്‍ അതിന്‍റെ മുന്‍പില്‍ പോയി നിന്നു. എന്നെത്തന്നെ ഷൂട്ട്‌ ചെയ്യുവാനുള്ള ഒരു ഐഡിയ ആണ് ഇത്.

ഭക്ഷണം കഴിക്കുവാനായി ഞാന്‍ ഹോട്ടലിലേക്കു നടന്നു. തികച്ചും കൌതുകകരവും സവിശേഷവുമായിരുന്നു ഹോട്ടലിന്‍റെ പേര്. പക്ഷെ ചൈനീസ് ഭാഷയിലായിരുന്നതിനാല്‍ എനിക്ക് വായിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ഹോട്ടലിലേക്കു കയറി. അവിടെ ആളുകള്‍ ഭക്ഷണം കഴിക്കുന്നു. പരിചാരകര്‍ മദ്യവും മറ്റും വിളമ്പുന്നുണ്ട്. പെരുച്ചാഴിയാണ് ഈ നാട്ടുകാരുടെ പ്രധാന ഭക്ഷണം.
ഹോട്ടലില്‍ നിന്നും ഇറങ്ങിയ ഞാന്‍ പോര്‍ട്ടിനെ ലക്ഷ്യമാക്കി നടന്നു. ഞങ്ങള്‍ വന്നിറങ്ങിയ കപ്പല്‍ അവിടെ നങ്കൂരമിട്ടു കിടക്കുന്നുണ്ടായിരുന്നു. ഞാന്‍ കപ്പ്ലിനടുത്തെക്ക് നടന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഡംബരക്കപ്പലാണിത്. പത്തു നിലകളുള്ള ആ കൂറ്റന്‍ കപ്പല്‍ ഒരു വലിയ കെട്ടിടത്തെ ഓര്‍മ്മിപ്പിച്ചു. ഞാന്‍ കപ്പലിനുള്ളിലേക്ക് കയറി. വിശാലമായ ഉള്‍വശം. ജനാലക്കരുകിലുള്ള ഒരു സീറ്റില്‍ ഞാന്‍ ഇരുന്നു. കുറെക്കഴിഞ്ഞിട്ടും കപ്പല്‍ പുറപ്പെടാതായപ്പോള്‍ ഞാന്‍ കൌണ്ടറില്‍ ചെന്ന് അന്വേഷിച്ചു. ഇത് കപ്പലല്ലെന്നും, കടലിനോട് ചേര്‍ന്നു നിര്‍മ്മിച്ച ഹോട്ടലാണെന്നും അയാള്‍ പറഞ്ഞു. ഞാന്‍ പുറത്തിറങ്ങിയപ്പോഴേക്കും എന്‍റെ ആഡംബരക്കപ്പല്‍ പോയിക്കഴിഞ്ഞിരുന്നു.


ആഡംബരക്കപ്പല്‍ ഇല്ലാതെ യാത്ര തുടരാന്‍ എനിക്ക് തീരെ താല്പര്യം ഇല്ലായിരുന്നു. അതുകൊണ്ട് ഞാന്‍ വീട്ടിലേക്കു മടങ്ങി. പ്ലെയിന്‍ ഇറങ്ങി ഒരു ഓട്ടോ പിടിച്ചു ഞാന്‍ വീട്ടിലെത്തി. ഞാന്‍ വീടിന്‍റെ പ്രധാന കവാടത്തിലേക്കു നടന്നു. അവിടെ പരമ്പരാഗത രീതിയില്‍ വസ്ത്രം ധരിച്ച ഒരു റഷ്യന്‍ നാടോടി സ്ത്രീയെ അനുസ്മരിപ്പിക്കും വിധം എന്‍റെ ഭാര്യ നിന്നിരുന്നു. ഞാന്‍ അകത്തേക്ക് കടന്നു. വിശാലമായ ഉള്‍വശം. ഞാന്‍ ഡൈനിങ്ങ്‌ ഹാള്‍ ലക്ഷ്യമാക്കി നടന്നു. അല്പം ഭക്ഷണം കഴിക്കുകയാണു ലക്‌ഷ്യം. അവിടെ പരിചാരകര്‍ ഭക്ഷണവും മറ്റും വിളംബുന്നുണ്ടായിരുന്നു. ജനാലയിലൂടെ ഞാന്‍ പുറത്തേക്കു നോക്കി. മഴപെയ്തു തകര്‍ന്നുകിടക്കുന്ന കോഴിക്കൂടു കണ്ടു. തകര്‍ന്നടിഞ്ഞ ഏതോ പൌരാണിക നഗരത്തിന്‍റെ അവശിഷ്ടങ്ങള്‍ പോലെയുണ്ട്. ഞാന്‍ വീടിനു പുറകിലേക്കു നടന്നു. അവിടെയാണ് വിറകുപുര. വീടിനെ അപേക്ഷിച്ച് ഇതിനു പഴക്കം തീരെ കുറവാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ എന്‍റെ അപ്പാപ്പനാണിത് പണികഴിപ്പിച്ചത്. കൈ കഴുകുവനായി ഞാന്‍ വാട്ടര്‍ ടാപ്പിനടുത്തെക്ക് നടന്നു. വളരെ സങ്കീര്‍ണ്ണവും സവിശേഷവുമാണ് ഈ വീട്ടിലെ ജലവിതരണ ശൃംഖല. ടാപ്പുതുറന്നു . പക്ഷെ വെള്ളം വരുന്നില്ല. ടെറസിനു മുകളില്‍ പോകുവാനുള്ള ഗോവണിയുടെ പടവുകള്‍ ഞാന്‍ കയറി. വാട്ടര്‍ ടാങ്ക് പരിശോധിക്കുകയാണ് ലക്‌ഷ്യം. ഞാന്‍ ടാങ്കിനു മുകളിലെത്തി. മുച്ചിങ്ങ വീണ് വെള്ളം പോകുന്ന കുഴല്‍ അടഞ്ഞിരിക്കുകയാണ്. അതു ഞാന്‍ എടുത്തു മാറ്റി. ജലവിതരണ കാര്യത്തില്‍ വളരെ ഉദാസീനരും അലസരു മാണ് ഈ വീട്ടുകാര്‍. വാട്ടര്‍ ടാങ്കിനു മുകളില്‍ നിന്നുകൊണ്ട് ഞാന്‍ പരിസരമാകെ വീക്ഷിച്ചു. ഗ്രാമം മുഴുവന്‍ അവിടെനിന്നാല്‍ കാണാം. പറമ്പിനു പുറകില്‍ കൃഷിയിടങ്ങളും പുല്‍മേടുകളും ദൃശ്യമാണ്.. അങ്ങിങ്ങായി കന്നുകാലിക്കൂട്ടങ്ങള്‍ മേയുന്നു. ഡെന്‍മാര്‍ക്കിലെക്കോ തുര്‍ക്കിയിലെക്കോ ഒരു സഞ്ചാരം കൂടി നടത്തിയാലോ എന്ന് എനിക്ക് തോന്നി. പക്ഷെ എന്‍റെ അടുത്ത സഞ്ചാരം റോക്കറ്റില്‍ കയറി ചോവ്വയിലെക്കാണ്. ഇനി അതിന്‍റെ പരിശീലനപരിപാടികളാണ്. ചൊവ്വയിലെ വിശേഷങ്ങളുമായി വരുന്നതുവരെ ബൈ ബൈ.

കറ നല്ലതാണ്. by Sajhu Mathew


തന്റെ ഷര്‍ട്ടില്‍ പറ്റിയ കറ ജിത്തുമോന്‍ അത്ര കാര്യമാക്കിയില്ല.കറ കൊണ്ട് നല്ലതു സംഭവിക്കുന്നെങ്കില്‍ കറ നല്ലതല്ലേ എന്നാണ് അവന്‍ ചിന്തിച്ചത്.കറ പറ്റിയത് ഇങ്ങിനെയാണ്. ദുഖിച്ചിരുന്ന ഒരു അമ്മൂമ്മയെ സന്തോഷിപ്പിക്കാനായി ജിത്തുമോന്‍ ചെളിയില്‍ കിടന്നുരുണ്ടു.അങ്ങിനെ വെണ്മയുടെ പര്യായമായിരുന്ന ജിത്തുമോന്റെ ഷര്‍ട്ട്‌,ചളി പിടിച്ച് കറുത്ത് നാശമായി.കറ നല്ലതാണ്,കറ നല്ലതാണു എന്ന് ഉരുവിട്ടുകൊണ്ട് വീട്ടിലെത്തിയ ജിത്തുമോന് ഉണ്ടായ അനുഭവം പക്ഷെ അത്ര നല്ലതായിരുന്നില്ല. പ്രമുഖ കമ്പനിയുടെ സോപ്പുകൊണ്ട് രണ്ടു നേരമാണ് അമ്മ ജിത്തുമോനെ കുളിപ്പിചിരുന്നത്.സെക്കന്റില്‍ ആയിരത്തി ഒന്ന് കീടാണുക്കളെ, അതും മൈക്രോസ്കോപ്പിനു പോലും കണ്ടുപിടിക്കാന്‍ കഴിയാത്ത അത്യുഗ്രന്മാരായ കീടാണുക്കളെ വരെ കൊല്ലാന്‍ കഴിവുള്ള ഭയങ്കരന്‍ സോപ്പയിരുന്നു അത്. എത്ര കുളിപ്പിച്ചിട്ടും പക്ഷെ,പരസ്യത്തിലെ കുട്ടിയുടെ ശരീരത്തിനു ചുറ്റും വരുന്ന പ്രകാശ സുരക്ഷാ വലയം എന്തുകൊണ്ട് തന്റെ മകന്റെ ചുറ്റും വരുന്നില്ല എന്ന് ചിന്തിച്ചു ടെന്‍ഷന്‍ അടിച്ചുകൊണ്ടിരുന്ന ആ അമ്മക്ക്,ജിത്തുമോന്റെ'കറ നല്ലതാണു'എന്ന വിപ്ലവ ആശയം തീരെ ദഹിക്കുമായിരുന്നില്ല. ജിത്തുമോനു കണക്കിന് കിട്ടുകയും ചെയ്തു.

ജിത്തുമോനു ഉണ്ടായ ഏതാണ്ട് ഇതേ അനുഭവം തന്നെയാണ് മേട്ട ഷാജിക്കും ഉണ്ടായത്.അന്നത് മറ്റൊരു പരസ്യമായിരുന്നു.പരസ്യത്തിലെ ഐഡിയ ഉഗ്രനായിരുന്നു.'വാട്ട് ആന്‍ ഐഡിയ സര്‍ജി'എന്ന് പറഞ്ഞത് പോലെ അത് ഒരു ഒന്നൊന്നര ഐഡിയ തന്നെ ആയിരുന്നു.സംഗതി ഇതാണ്.ആരെയും നിന്നുകൊണ്ടോ,ഇരുന്നുകൊണ്ടോ ഫോണില്‍ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുക. ആരെങ്കിലും എവിടെയെങ്കിലും ഇങ്ങനെ സ്വസ്ഥമായി ഇരുന്നു സംസാരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍,ഉടനെ തന്നെ അവരെ പരമാവധി ഉപദ്രവിച്ചു,ഓടിക്കുക. അങ്ങിനെ ഇവരെല്ലാം ഇങ്ങിനെ വാലിനു തീ പിടിച്ചതുപോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടു നിര്‍വൃതി അടയുക. വീല്‍ ചെയറില്‍ ഇരിക്കുന്ന ആളായാല്‍ പോലും എണീറ്റു നടന്നുകൊള്ളനം.അല്ലെങ്കില്‍ അതുവരെ അവരുടെ ചെവിയില്‍ 'walk and talk..walk and talk..'എന്ന് നിര്‍ത്താതെ പറഞ്ഞുകൊണ്ടിരിക്കും..ഇത് വളരെ ഉദാത്തവും ഉത്കൃഷ്ടവുമായ ഒരു ഐഡിയ ആണെന്നുള്ളതില്‍ ഒട്ടും തര്‍ക്കമില്ല. പല സാധുക്കളിലും മേട്ട ഷാജി ഇത് പരീക്ഷിച്ച് വിജയിക്കുകയും ചെയ്തു. പക്ഷെ അവസാനം,വയര്‍ലെസ്സില്‍ സംസാരിച്ചുകൊണ്ടുനിന്ന ഒരു പോലിസുകാരനില്‍ നടത്തിയ പരീക്ഷണമാണ് മേട്ടഷാജിക്ക് വിനയായത്. അത് ഷാജിയുടെ വിജയഗാഥക്ക് അന്ത്യം കുറിക്കുകയും ചെയ്തു.

വെള്ളച്ചാട്ടത്തിനു മുകളിലൂടെ ബൈക്ക് ചാടിക്കുന്നതും,പാറക്കെട്ടിന് മുകളില്‍ നിന്ന് കയറില്‍ തൂങ്ങി വരുന്നതുമോക്കെയായ പരസ്യങ്ങള്‍ കാണിക്കുമ്പോള്‍, താഴെ 'dont try this at home' എന്ന് എഴുതിക്കാണിക്കുന്നതു പോലെ, ഇത്തരം പരസ്യങ്ങളുടെ അടിയിലും ഇങ്ങനെ എന്തെങ്കിലുമൊക്കെ എഴുതിക്കാണിച്ചാല്‍ നന്നായിരിക്കും. അല്ലെങ്കില്‍ ജിത്തുമോനും മേട്ട ഷാജിക്കും ഉണ്ടായ അനുഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കുകയെ ഉള്ളൂ.

ഒരു മാനസപുത്രിയും ആയിരം കോടിയും by Sajhu Mathew


പണ്ട് ഹിന്ദി സീരിയലുകളിലെ ഡയലോഗുകള്‍ കേട്ട് ഞാന്‍ അന്തം വിട്ടു പോയിട്ടുണ്ട്. 500 കോടി അയാള്‍ക്കു കൊടുക്കൂ,500 കോടി ഇയാള്‍ക്ക് കൊടുക്കൂ എന്നൊക്കെയാണ് ആ ഡയലോഗുകള്‍.ഇത്രയും കാശിന്‍റെ ഇടപാടുകളാണ് ഇവര്‍ നടത്തുന്നതെന്ന് എന്നെഴുതാന്‍ തിരക്കഥാകൃത്തിനു എങ്ങനെ കഴിയുന്നു? കാര്യം നിസ്സാരം. കോടി എന്നെഴുതിയ ആ പേന കൊണ്ട് രൂപ എന്ന് ഒന്ന് എഴുതി നോക്കു. രണ്ടിലും രണ്ടക്ഷരം.മഷി ഒരേ അളവില്‍. പക്ഷെ വെറുതെ പാലില്‍ വിഷം കലക്കലും, അമ്മായമ്മ പീഡനവും, ഒരച്ഛന്‍ രണ്ടമ്മ കഥകളും ഒക്കെയായി മുന്നേറിക്കൊണ്ടിരുന്ന നമ്മുടെ പാവം മലയാളം സീരിയലില്‍ ഇത്തരം IPL സ്റ്റൈല്‍ കണക്കുകള്‍ ഒന്നും വന്നിരുന്നില്ല. അങ്ങനെയിരിക്കുമ്പോള്‍ ഒരു മാനസപുത്രിയുടെ ബാങ്ക് അക്കൌണ്ടില്‍ അതാ കിടക്കുന്നു ഒരു ആയിരം കോടി!!തീര്‍ന്നില്ല. തൊട്ടടുത്ത സീരിയലിലെ നായികയുടെ അക്കൌണ്ടില്‍ ആയിരത്തി അഞ്ഞൂറു കോടി!ഇന്ത്യക്ക് ക്രയോജനിക് റോക്കറ്റ്‌ വിക്ഷേപിക്കാന്‍ ചിലവായത് 335 കോടിയാണ് എന്നോര്‍ക്കണം .എങ്കിലും ഈ ആയിരം കോടിയുടെ കണക്കു പറഞ്ഞു ഇത്തരം മഹത്തായ കലാസൃഷ്ടികളെ വിമര്‍ശിക്കാന്‍ ആരെങ്കിലും വന്നാല്‍ അവരോടു ഗ്ലോറി ചോദിക്കും.സത്യത്തില്‍ എന്താണ് ഈ സീരിയല്‍? ഒരു വീട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ അന്നന്ന് അതേപടി പകര്‍ത്തി ദിവസേന ടിവിയില്‍ കാണിക്കുന്നതല്ലേ ഈ സീരിയല്‍? സംഭവം എളുപ്പമാണ്.ആദ്യം തന്നെ വഴക്കും വക്കാണവും നടക്കുന്ന ഒരു വീട് കണ്ടെത്തണം.ഇവിടത്തെ സംഭവങ്ങളാണ് നമ്മള്‍ ഇനി എഴുതാന്‍ പോകുന്നത്.കഥ ആ വീട്ടിലെ ആണെന്കിലും അല്ലറ ചില്ലറ മാറ്റങ്ങളൊക്കെ വരുത്തണം.ഉദാഹരണത്തിന്,ഗൃഹനാഥന്‍ രാജേട്ടന് പെട്ടിക്കട യാണെങ്കിലും 'രാജേട്ടന്റെ പെട്ടിക്കട'എന്ന് പറയരുത്.രാജന്‍&രാജന്‍ അസോസിയേറ്റ്‌സ് എന്നെ പറയാവൂ.വീട്ടിലെ എല്ലാവരുടെയും വേഷം അടിപോളിയായിരിക്കണം.തൊഴുത്തില്‍ ചാണം വാരുന്ന സീന്‍ ആയാലും,വേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പാര്‍ട്ടിക്കു പോകുന്നതായിരിക്കണം.രാജേട്ടന്റെ വീട്ടിലെ പ്രാതലിന് കഞ്ഞിയും പയറുമാണെങ്കിലും നമ്മുടെ വീട്ടിലെ മേശയില്‍, ഇഡ്ഡലി,ദോശ,ഉഴുന്നുവട,ചിക്കന്‍,മട്ടന്‍,ചപ്പാത്തി,പൂരി,പൊറോട്ട,ആപ്പിള്‍,ഓറഞ്ച്,മുന്തിരി എല്ലാം വേണം.സംഗതി ഇങ്ങിനെ മഹാ ആഡംബരം ഒക്കെയാണെങ്കിലും ഒരു പാവപ്പെട്ട വീട് ഈ സീരിയലില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.അവിടെ അഷ്ടിക്കു വകയില്ലാത്ത ഒരച്ഛനും രണ്ടു മൂന്നു പെണ്മക്കളും വേണം.സെന്‍റിമെന്‍റ്സ് വര്‍ക്ക് ഔട്ട്‌ ചെയ്യാനാണ് ഇത്. അവസാനമായി,സീരിയലിന്‍റെ പേര്.ഇതാണ് ഏറ്റവും പ്രധാനം.കണ്ണീര്‍,സ്ത്രീ,ദുഃഖം,മാനസം,പുത്രി തുടങ്ങിയ വാക്കുകള്‍ തിരിച്ചും മറിച്ചും ഇട്ടാല്‍ അതും റെഡി. ശുഭം.

Thursday, October 14, 2010

തൂങ്ങും രാജു by Sajhu Mathew


രാജു മോന്‍ തൂങ്ങുകയാണ്.കാണുന്ന കമ്പിയിലും കയറിലും ഒക്കെ. കഴിഞ്ഞ ദിവസം രാജുമോ ന്‍റെ അച്ഛന്‍ അവനു pomplan വാങ്ങിക്കൊടുത്തിരുന്നു.അതിനു ശേഷമാണു ഈ തൂങ്ങല്‍ തുടങ്ങിയത്.മോന്‍ തടിവക്കാനും ഉയരം വക്കനുമാണ് അച്ഛന്‍ plomplan വാങ്ങിക്കൊടുത്തത്.pomplan കഴിച്ചാല്‍ ഉടന്‍ ഉയരം വക്കുകയാണോ അതോ pomplan കുട്ടിയില്‍ തൂങ്ങാനുള്ള പ്രചോദനം ഉണ്ടാക്കുകയും അങ്ങനെ തൂങ്ങുകവഴി കുട്ടി ഉയരം വക്കുകയും ചെയ്യുകയാണോ എന്ന് അച്ഛന് പൂര്‍ണ നിശ്ചയം ഇല്ലായിരുന്നു. എന്തായാലും പ്ലോമ്പ്ലാന്‍റെ ഗുണമേന്മയെ ക്കുറിച്ച് അച്ഛന് സംശയം ഉണ്ടായിരുന്നില്ല . കാരണം അച്ഛന്‍ അതിന്റെ പരസ്യം ടിവിയില്‍ കണ്ടിട്ടുണ്ട്.pomplan മഹത്തായ ഒരു ഹെല്‍ത്ത്‌ ഡ്രിങ്ക് ആണെന്നു ,ഒരു ശാസ്ത്രജ്ഞന്‍,ഒരു ലാബറട്ടറി യില്‍ വച്ച് അതില്‍ പ്രഖ്യാപിക്കുന്നുണ്ട്.രാജു മോനെ തടി വെപ്പിയ്ക്കാന്‍ ഇങ്ങനെ ശ്രമം നടക്കുന്നുണ്ടെങ്കിലും രാജു മോന്‍റെ അച്ഛന്‍ തടി കുറയ്ക്കാനുള്ള ശ്രമത്തിലാണ്.അതിനായി ഇപ്പോള്‍ അദ്ദേഹം ഉപയോഗിക്കുന്നത് അവണ തൈലമാണ്.വാസ്തവത്തില്‍ ഈ അവണ തൈലം മനുഷ്യകുലത്തിനു ലഭിച്ചിട്ടുള്ള ഒരു അമൂല്യ വരദാനമാണ്.എക്സര്‍സൈസ് വേണ്ട ഒന്നും വേണ്ട.അവണ തൈലം ശരീരത്തിന്‍റെ ഏതു ഭാഗത്ത് തേക്കുന്നോ അവിടെ അപ്പോള്‍ത്തന്നെ തടി കുറഞ്ഞു മെലിഞ്ഞു സുന്ദരമാകും.ഉദാഹരണത്തിന് വയറില്‍ തേച്ചാല്‍ ഉടന്‍ വയര്‍ ചെറുതായി six pack ആകും.പക്ഷെ വയറില്‍ തേക്കുമ്പോള്‍ തേക്കുന്ന കയ്യും അതോടുകൂടി ശുഷ്കിച്ചു ചെറുതായിപ്പോ കില്ലെ എന്ന സംശയം കൊണ്ട് ഞാനിതുവരെ ഇതു പരീക്ഷിച്ചിട്ടില്ല.അവണ തൈലം ഉപയോഗിക്കുന്നതിന് മുന്‍പ് ടെലെ ഷോപ്പിങ്ങില്‍ കണ്ട ഒരുപാടു exercise യന്ത്രങ്ങള്‍ രാജുവിന്‍റെ അച്ഛന്‍ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്.അതിലും അച്ഛന് പൂര്‍ണ്ണ വിശ്വാസമായിരുന്നു. വെള്ളക്കാരി പറയുന്നത് തെറ്റാന്‍ വഴിയില്ലല്ലോ.പറയുന്നത് വെള്ളക്കാരി ആണെങ്കിലും മലയാളത്തില്‍ ഡബ്ബ് ചെയ്ത ശബ്ദം കടപ്പുറം ശാന്തയുടെയോ അങ്ങാടി അമ്മിണിയുടെയോ മറ്റോ ആണ് .വെള്ളക്കാരിയെക്കൂടാതെ ഒരു മുന്‍ Mr. world ഉം ഇതിനെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നുണ്ട്-അദ്ദേഹത്തിനെ വിജയത്തിന്‍റെ പടവുകള്‍ കയറാന്‍ സഹായിച്ച യന്ത്രമാണ് ഇത് എന്നെല്ലാം.രണ്ടു മാസം മുന്‍പ് മാര്‍ക്കറ്റില്‍ ഇറങ്ങിയ ഈ യന്ത്രം 1970 ലെ Mr. world ആകാന്‍ അദ്ദേഹത്തെ സഹായിച്ചു എന്നത് വിശ്വസിക്കാതിരിക്കാന്‍ യാതൊരു കാരണവും നമ്മുടെ മുന്‍പില്‍ ഇല്ല.ഈ ഉപകരണം ഉപയോഗിക്കാന്‍ എത്ര എളുപ്പമാണെന്നും മറ്റുള്ളവ ഉപയോഗിക്കുന്നവ എത്ര ദുഷ്കരമാനെന്നും അദ്ദേഹം വിവരിച്ചു. മറ്റുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചു ആളുകള്‍ മറിഞ്ഞു വീഴുന്നതും നടു ഉളുക്കുന്നതുമായ രംഗങ്ങള്‍ കാണിക്കുകയും ചെയ്തു.എന്തായാലും രാജുമോന്‍ തൂങ്ങള്‍ തുടരുകയാണ്.ഒരു കാര്യത്തിലെ അച്ഛന് വിഷമമുള്ളൂ-pomplan കഴിക്കുന്ന കുട്ടികളുടെ ഉടുപ്പുകള്‍ ചെറുതാകും എന്നുള്ള കാര്യത്തില്‍.